|| ഒരു ദേശത്തിൻ്റെ കഥ ||
വിശാലമായ ലോകത്തേക്കു തുറന്നിട്ടിരിക്കുന്ന ഒരു വാതായനമാണ് മലയാള വായനാ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍. മലയാള ഭാഷയിലെ മികച്ച അഞ്ചു നോവലുകളെടുത്താല്‍ അതിലൊന്നായി ഇടം പിടിക്കും എസ്.
കെ. പൊറ്റക്കാട്ടിന്റെ ഈ നോവല്‍. ശങ്കരന്‍ കുട്ടി പൊറ്റെക്കാട് എന്ന എസ്. കെ. പൊറ്റെക്കാട്ട് തന്റെ ബാല്യം ചിലവഴിച്ച അതിരണിപ്പാടം എന്ന ദേശത്തിന്റെ കഥയാണിത്. 1972-ല്‍ പ്രസിദ്ധീകരിച്ച നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ശ്രീധരന്‍.
അതിരണിപ്പാടത്തു വേരൂന്നിക്കൊണ്ട് തുടങ്ങുന്ന കഥാവൃക്ഷത്തിന്റെ ശാഖകള്‍ ആ ദേശത്തിന്റെ അതിരു വിട്ട് ഉത്തരേന്ത്യയിലേക്കും പിന്നെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും നീണ്ടു പോകുമ്പോള്‍ വായനക്കാരന്‍ എത്തിച്ചേരുന്നത് ഇതൊരു ഭൂഖണ്ഡാന്തര കഥ പറയുന്ന മലയാളം നോവലാണെന്ന വെളിപാടിലേക്കാണ്.
കഥാനായകനായ ശ്രീധരന്റെ ജനനം മുതല്ക്കുള്ള സംഭവ വികാസങ്ങള്‍ വര്‍ണ്ണിച്ചാണ് നോവല്‍ സമാരംഭിക്കുന്നത്. ശ്രീധരനു ഇരുപതു വയസ്സു തികയുമ്പോള്‍ വരെയുള്ള ബഹുലമായ സംഭവങ്ങളിലൂടെ സമാന്തരയാത്ര ചെയ്യുമ്പോള്‍ വായനക്കാരനും അതിരണിപ്പാടത്തിലെ ഒരാളായി പരിണമിക്കും.
ശ്രീധരന്റെ ശൈശവം മുതല്‍ കൗമാര യൗവ്വന ദശകളിലൂടെ മധ്യവയസ്സിലെത്തും വരെയും അയാളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന നൂറു കണക്കിനു മനുഷ്യര്‍ നോവലിലെ കഥാപാത്രങ്ങളാണ്. ഇവരുടെയും ജീവിതത്തിന്റെ ഒരു നേര്‍ചിത്രം നോവലിസ്റ്റ് വിശാലമായ ക്യാന്‍വാസ്സില്‍ വരച്ചു കാട്ടുന്നുണ്ട്. ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍ വേറിട്ടൊരനുഭവം വായനക്കാരനു നല്‍കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.
പിതാവിന്റെ മരണശേഷം നാടു വിടുന്ന ശ്രീധരന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അതിരണിപ്പാടത്തു തിരിച്ചെത്തുമ്പോള്‍ മാത്രമാണ് നോവല്‍ പരിസമാപ്തിയിലെത്തുന്നത്. മൂത്താശാരി വേലുമൂപ്പരില്‍ നിന്നാണ് ശ്രീധരന്‍ ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലെന്തു മാറ്റങ്ങളുണ്ടായി എന്നറിയുന്നത്.
1914-നും 18-നുമിടയില്‍ നടന്ന ഒന്നാം ലോക മഹായുദ്ധത്തിലെ സംഭവ പരമ്പരകള്‍ ശ്രീധരന്റെ പട്ടാളക്കാരനായ ജ്യേഷ്ഠ സഹോദരന്റെ വാക്കുകളിലൂടെ ചുരുളഴിയുമ്പോള്‍ നോവലിന്റെ പ്രതിപാദ്യ വിഷയം വിസ്തുതമാവുന്നത് വായനക്കാര്‍ അതിശയത്തോടെയാണറിയുന്നത്.
1945 മുതല്‍ രാജ്യ സഞ്ചാരം നടത്തി മലയാളികള്‍ക്കായി ലോകസംസ്കാരങ്ങളുടെ വൈവിദ്ധ്യവും മാനവികതയുടെ ഏകതയും വിസ്മയിപ്പിക്കും വിധം തന്റെ തൂലികയിലൂടെ പകര്‍ന്നു നല്‍കിയ അനശ്വര സാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്.
ഇങ്ങനെയൊരു സഞ്ചാരിക്ക് ഒരു ദേശത്തിന്റെ കഥയിലെ ഓരോ കഥാപാത്രത്തെയും ജീവസ്സുറ്റതാക്കാനുള്ള കഴിവ് അന്യാദൃശമാണ് എന്ന് എടുത്തു പറയേണ്ടതില്ല. ഓരോ കഥാപാത്രവും കേന്ദ്ര കഥാപാത്രവുമായും കഥാ തന്തുവുമായും എപ്രകാരം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന വസ്തുതയും വായനക്കാരനെ അതിശയിപ്പിക്കുന്നുണ്ട്.
ഒരു ദേശത്തിന്റെ കഥയ്ക്ക് 1973-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ ജ്ഞാനപീഠ പുരസ്ക്കാരവും ലഭിച്ചു.
Found a Mistake or Error? Report it Now